സുഭാഷ് ചന്ദ്ര ബോസും ആസാദ് ഹിന്ദും



ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു നേതാജി എന്നാറിയപ്പെടുന്ന സുഭാഷ് ചന്ദ്ര ബോസ്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപവത്കരിച്ചു.

പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയിൽ ‍ നിന്നു പലായനം ചെയ്തു. ജർമ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

രണ്ടാം ലോകമഹായുദ്ധത്തോടു കൂടി ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അസ്ഥിരത പരമാവധി മുതലെടുത്ത് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കണം എന്നായിരുന്നു ബോസിന്റെ അഭിപ്രായം. മറ്റു രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയവും, സൈനികവും, നയതന്ത്രപരവുമായുള്ള പിന്തുണ ലഭിച്ചാലേ ഇന്ത്യക്ക് സ്വാതന്ത്ര്യം പൊരുതി നേടാനാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിനോട് കൂടിയാലോചിക്കാതെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെയും യുദ്ധപങ്കാളിയാക്കി. ഇതിനെതിരെ അദ്ദേഹം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ അധികൃതർ അദ്ദേഹത്തെ ജയിലിലടച്ചു. പക്ഷേ ജയിലിൽ തുടങ്ങിയ നിരാഹാരസമരം 7 ദിവസമായപ്പോഴേക്കും അദ്ദേഹത്തെ മോചിപ്പിച്ചു, പക്ഷേ കൽക്കട്ടയിലെ ബോസിന്റെ വസതി പോലീസ് നിരീക്ഷണത്തിലായിരുന്നു.

1941 ജനുവരി 19 ന് തന്റെ അനന്തരവനായ ശിശിർ കെ ബോസിനോടൊപ്പം നിരീക്ഷകരുടെ കണ്ണു വെട്ടിച്ച് ബോസ് രക്ഷപ്പെട്ടു. പേഷാവറിലേക്കാണ് അദ്ദേഹം പോയത്. അവിടെ നിന്ന് അഫ്‌ഗാനിസ്ഥാനും, സോവിയറ്റ്‌ യൂണിയനും കടന്ന് ജർമ്മനിയിലെത്തി. വേഷം മാറിയാണ് അദ്ദേഹം സഞ്ചരിച്ചത്. ആദ്യം സിയാവുദ്ദീൻ എന്ന പേരിൽ പത്താൻ വംശജനായ ഇൻഷുറൻസ് ഏജന്റിന്റെ വേഷത്തിൽ അഫ്‌ഗാനിസ്ഥാനിൽ എത്തി. അവിടെ നിന്നും കൌണ്ട് ഒർലാണ്ടോ മസ്സോട്ട എന്ന ഇറ്റലിക്കാരനായി മോസ്കോയിലെത്തി. അവിടെ നിന്നും റോമിലും അവസാനം ജർമ്മനിയിലും എത്തിച്ചേർന്നു.

റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4 ന്  സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച്ച് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. അടുത്ത ദിവസം ജൂലൈ 5 ന്  ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യൻ നാഷനൽ ആർമി(ഐ.എൻ.എ INA) രൂപവത്കരിച്ച വിവരം അദ്ദേഹം ലോകത്തെ അറിയിച്ചു.

1945 ഓഗസ്റ്റ് 18 ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗിക ഭാഷ്യം.

INA യുടെ പേരില്‍ സ്റ്റാമ്പുകളും ഒരു വശം മാത്രം മുദ്രണം ചെയ്ത  പ്രോമിസറി നോട്ടുകളും ഇറങ്ങിയിരുന്നു. ആസാദ് ഹിന്ദ് നാണയങ്ങളും കണ്ടു വരുന്നു.