ചെല്ലാർ കോവിൽ (ഇടുക്കി) നന്നങ്ങാടികളുടെ വിപുലശേഖരം കണ്ടെത്തി

ഇടുക്കി ചരിത്രത്തിലേക്ക്.

ചെല്ലാർ കോവിലിൽ കണ്ടെടുത്തത് സിന്ധു നദീതട നാഗരീകതയിലെ വിലപ്പെട്ട ആഭരണങ്ങൾ! ശവക്കല്ലറ പുരാതന (BC - 1000 ലെ) രാജാവിൻ്റെതും !
ഇടുക്കി ,ചെല്ലാർ കോവിൽ മയിലാടുംപാറയിൽ നന്നങ്ങാടികളുടെ വിപുലശേഖരം കണ്ടെത്തി.

കണ്ടെത്തിയ നന്നങ്ങാടികളിൽ നിന്നും കണ്ടെടുത്തതോ മെസപ്പൊട്ടാമിയൻ - സിന്ധു നദീതട നാഗരീകതയിലെ രാജാക്കൻമാർ ധരിച്ചിരുന്ന ആഭരണങ്ങൾ! ഇത് പുരാവസ്തു ഗവേഷകരിൽ അത്ഭുതമുളവാക്കുന്നതാണ്.

എച്ച്ഡ് കാർണേലിയം ബീഡ്സ് (Etched carnelian beads) ആഭരണങ്ങളാണ് മൈലാടുംപാറ നന്നങ്ങാടിയിൽ നിന്നും ലഭിച്ചിട്ടുള്ളത്. ! ആർക്കിയോളജിക്കൽ വാല്യു പ്രകാരം ഇവക്ക് കോടികൾ വിലമതിച്ചേക്കാം...!! ഇരുമ്പ് ചൂടാക്കി അത് ലാവയാകുന്ന സന്ദർഭത്തിൽ തന്നെ പെട്ടെന്ന് അതിൻ്റെ പ്രോസസിംഗ് അവസാനിപ്പിച്ച് അതീവ സങ്കീർണ്ണ നിർമ്മാണ പ്രക്രിയയിലൂടെ രൂപപ്പെടുത്തുന്നവയാണീ ആഭരണങ്ങൾ! ഇരുമ്പ് യുഗത്തിലെ അതിസങ്കീർണ്ണ നിർമ്മാണ നിഗൂഡതകളെ നീക്കുന്നതിന് ഗവേഷകരെ സഹായിക്കുന്നതാണ് ഈ കണ്ടെത്തൽ. ഇവ ധരിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്താൽ എന്നും പരാജയമില്ലാതെ വിജയം മാത്രം ലഭിക്കുന്നമെന്ന വിശ്വാസത്താലും, രതിയിലെ വിജയത്തിനും പുരാത കാലത്തെ രാജാക്കൻമാർ കൈവശം വച്ച് ധരിച്ചിരുന്നതാണ് ഈ വിഭാഗം ആഭരണങ്ങൾ.

ജ്യോതിശാസ്ത്രപരമായ പ്രത്യേകതകളും സൂചനകളും ഈ ആഭരണങ്ങളിലെ മുത്തുകളുടെ ആകൃതിയിൽ നിന്നും ഡിസൈനിൽ നിന്നും മനസ്സിലാക്കാം.

മെസപ്പൊട്ടാമിയൻ സംസ്ക്കാരവും സിന്ധു നദീതട സംസ്ക്കാരവും തമ്മിലുളള ട്രേഡ് ബന്ധത്തിനും ഉള്ള തെളിവുകൂടിയായി മാറുകയാണ് ഇടുക്കിയിൽ നിന്നുള്ള ഈ മഹത്തായ കണ്ടെത്തൽ. ഇതിന് മുമ്പ് വയനാട്ടിലും മലബാറിലെ ചില ഇടത്തു നിന്നും ഇത്തരം മുത്തുകൾ ലഭ്യമായിട്ടുള്ളതായറിയുന്നു.

കൂടാതെ ഇവയോടൊപ്പം ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ, എല്ലിൻ കഷണങ്ങൾ, ധാന്യങ്ങളുടെ ദ്രവിച്ച അവശിഷ്ടങ്ങൾ, ചെറു പാത്രങ്ങൾ എന്നിവയും കണ്ടെത്തിയത് കൂടുതൽ പഠനത്തിന് സഹായകമാവും. എന്നാൽ പുരാവസ്തുക്കൾ പുറത്തെടുക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ പാലിക്കാതിരുന്നത്‌ കാർബൺ / ഡി.എൻ.എ ടെസ്റ്റുകൾ ചെയ്യുന്നതിൽ കൃത്യത കുറയ്ക്കുമെന്നത് സങ്കടകരമെങ്കിലും ഇവ സൂക്ഷിക്കപ്പെടുന്ന മ്യൂസിയത്തിന് ഒരു മുതൽകൂട്ടാവുമെന്നത് സന്തോഷത്തിനുമിടനൽകുന്നതാണ്.

ജില്ലയിലാദ്യമായാണ് ഇത്രയധികം വിപുലമായ നന്നങ്ങാടികളുടെ ശേഖരം കണ്ടെത്തുന്നത്. ചെമ്പകപ്പാറക്കു സമീപവും തെട്ടടുത്ത നാളിൽ നന്നങ്ങാടികളുടെ ശേഖരം കണ്ടെത്തിയിരുന്നു.

ചെല്ലാർകോവിൽ മയിലാടുംപാറ ക്ഷേത്രത്തിന് സമീപം കമ്പിയിൽ ബിനോയിയുടെ പുരയിടത്തിൽ മീൻ വളർത്തലിനായി ഒരു ജല സംഭരണിക്കായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുബോഴായിരുന്നു മണ്ണിനടിയിൽ 2 ഭീമൻ നന്നങ്ങാടികൾ ശ്രദ്ധയിൽപ്പെട്ടത് അവയ്ക്കുള്ളിൽ മറ്റ് ചെറുകുടങ്ങളും!.

ബിനോയി അറിയിച്ചതനുസരിച്ച് ഗവേഷകൻ ശ്രീ.രാജീവ് പുലിയൂരിൻ്റെ നേതൃത്വത്തിലുള്ള നെടുങ്കണ്ടം പുരാവസ്തു ചരിത്ര സംരക്ഷണസമിതി ഗവേഷകർ സ്ഥലം സന്ദർശിച്ച് തുടർ നടപടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി.

കണ്ടെടുത്ത പുരാവസ്തുക്കൾ ഉടുമ്പൻചോല താലൂക്ക് ആസ്ഥാനത്ത് സൂക്ഷിക്കുന്നതിനായി തഹസീൽദാർ ലൈജു കുര്യൻ ഏറ്റുവാങ്ങി. 

എന്താണ് നന്നങ്ങാടികൾ ?
മൃതദേഹങ്ങള്‍ അടക്കംചെയ്യുന്നതിന് മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന വലിയ മണ്‍പാത്രം (ഒരുതരം ശവക്കല്ലറ) ആണു നന്നങ്ങാടി. ഗ്രാമ്യമായി ഇത് -ചാറ - എന്ന പേരിലും അറിയപ്പെടുന്നുണ്ട്. മൃതദേഹം (അസ്ഥികൾ) ഭരണികളിലാക്കി മണ്ണിനടിയില്‍ കുഴിച്ചിടുകയായിരുന്നു പതിവ്. മുതുമക്കച്ചാടി, മുതുമക്കത്താഴി, മുതുമക്കപ്പാടി എന്നും പേരുണ്ട്. മൃതദേഹങ്ങളുടെ കൂടെ ആയുധങ്ങള്‍, പാത്രങ്ങള്‍, ആഭരണങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നു. നന്നങ്ങാടികളില്‍ ശവം അടക്കുന്നത് മഹാശിലാ സംസ്കാരകാലത്തെ വിവിധ ശവസംസ്കാരരീതികളില്‍ ഒന്നായിരുന്നു. കേരളത്തില്‍നിന്ന് മാത്രമല്ല ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നന്നങ്ങാടികള്‍ ലഭിച്ചിട്ടുണ്ട്; തമിഴ്നാട്ടിലെ ആദിച്ചനെല്ലൂരില്‍നിന്നും ധാരാളം നന്നങ്ങാടികള്‍ കണ്ടെടുത്തിട്ടുണ്ട്. ചെറുമരുടെ ശവകുടീരങ്ങളെയാണ് പുതുമക്കച്ചാടി എന്നു പറയുന്നത് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

കേരളത്തില്‍ നന്നങ്ങാടികള്‍ അധികവും കണ്ടെത്തിയിട്ടുള്ളത് തീരപ്രദേശങ്ങളിലാണ്. മണ്ണ് മാറ്റിക്കൊണ്ടിരിക്കുമ്ബോഴോ കുഴിക്കുമ്ബോഴോ ആണ് അവ കാണാറ്.

ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ വലുതും ചെറുതുമായ ഒട്ടേറെ നന്നങ്ങാടികള്‍ കാണുകയുണ്ടായിട്ടുണ്ടെങ്കിലും മയിലാടുംപാറയിലേത് ഏറെ വ്യത്യസ്തത പുലർത്തുന്നവയാണ്. ഈ നന്നങ്ങാടികളില്‍ എല്ലിന്‍കഷണങ്ങള്‍, ചെറുപാത്രങ്ങള്‍, ധാന്യങ്ങളുടെ ദ്രവിച്ച അവശിഷ്ടങ്ങള്‍, ഇരുമ്പ് കൊണ്ടുള്ള ആയുധങ്ങള്‍, വിലയേറിയ ആഭരാണവശിഷ്ടങ്ങൾ എന്നിവ ഉണ്ടായിരുന്നു. എല്ലാ നന്നങ്ങാടികള്‍ക്കും അടപ്പുകളുണ്ടായിരുന്നു. ചെറുപാത്രങ്ങളില്‍ ഉണ്ടായിരുന്നത് പരേതന് ഇഷ്ടപ്പെട്ട വിഭവങ്ങളാകാം. അടപ്പിലുള്ള ദ്വാരം നിവേദ്യങ്ങള്‍ സ്വീകരിക്കാന്‍ ആത്മാവിനു വരുവാനുള്ള മാര്‍ഗ്ഗമായിരിക്കാം. അകം കറുത്തും പുറം ചുവന്നും ഇരിക്കുന്ന ഈ ഭീമൻ മണ്‍ഭരണികളില്‍ മഹാശിലായുഗത്തിലെ മരിച്ചവരുടെ അസ്ഥികൾ മണ്ണിൽ മറവുചെയ്തു സൂക്ഷിക്കാനുപയോഗിച്ചിരുന്ന വലിയ മൺപാത്രങ്ങളായിരുണെന്നതു നമ്മേ അതിശയപ്പെടുത്തുന്നു. ഇവയുടെ കാലപ്പഴക്കം 2500 വർഷങ്ങൾ എന്നോ അഥവ BC 500-1500 കാലഘട്ടം എന്നും കൂടി നാം അറിയണം.

ചരിത്രപരമായി അതീവ പ്രാധാന്യമുള്ള ഈ പുരാവസ്തു ശേഖരത്തിലെ പുരാവസ്തുക്കൾ സൂഷ്മതയില്ലാതെ കൈകാര്യം ചെയ്യുന്നത് കാണുന്നത് നിങ്ങളെ സങ്കടപ്പെടുത്തിയെങ്കിൽ ഇവയുടെ പ്രാധാന്യം മനസ്സിലാക്കുവാൻ കഴിയാതെ പോവുന്നതു കൊണ്ട് മാത്രമാണ് എന്ന് കരുതി ക്ഷമിക്കുക.