തിരുവിതാംകൂറിലെ നോട്ട് നിരോധനം!



ഒരു രാത്രി വെളുത്തപ്പോള്‍ കൈയിലെ കാശിന് വിലയില്ലാതാകുക! ഭാരതപൗരന്‍മാര്‍ നോട്ട് നിരോധനത്തിന് സാക്ഷ്യം വഹിക്കുന്നത് ഇത് മൂന്നാം തവണ. നേരത്തെ 1946-ലും 1978-ലും നോട്ടുകള്‍ പിന്‍വലിച്ചിരുന്നു.


ഇനി കുറച്ചുകൂടി പിന്നിലേക്ക് പോയാല്‍, പണ്ട് രാജഭരണകാലത്തും ഇത് നടപ്പിലാക്കിയിരുന്നതായി കാണാം. തിരുവിതാംകൂറിലെ നോട്ട് നിരോധനത്തിന്റെ ചരിത്രം കാണാന്‍, കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിലേക്ക് പോയാല്‍മതി.

19-ാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ ഭരണാധികാരി പാര്‍വതീഭായി മഹാറാണിയുടെ 1816-ലെ നാണയനിരോധന ഉത്തരവാണ് കൃഷ്ണപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്നത്തെ പോലെ കള്ളപ്പണക്കാരെ പിടികൂടാനായിരുന്നില്ല ആ നിരോധനം. ഉറപ്പില്ലാത്ത ചെമ്പ് നാണയങ്ങള്‍ പൊടിഞ്ഞുപോകുന്നു എന്ന കച്ചവടക്കാരുടെ പരാതിയെ തുടര്‍ന്നായിരുന്നു അങ്ങനൊരു നടപടി.



ചെമ്പിലുള്ള 'കാശ്' ആയിരുന്നു അക്കാലത്ത് തിരുവിതാംകൂറിലെ ചെറിയ നാണയം. ഗരുഡനും താമരയും മുദ്രയുള്ള ഈ തിരിക്കാശ് പൊടിഞ്ഞ് നശിച്ചുപോകുന്നതിനാല്‍ മഹാറാണിയുടെ നിര്‍ദേശപ്രകാരം നിരോധിക്കുകയായിരുന്നു. 



കൊല്ലവര്‍ഷം 991, കര്‍ക്കടകമാസം ഒന്നാം തീയതി ഇറങ്ങിയ ഉത്തരവില്‍, നിരോധിച്ച പണം കയ്യിലുള്ളവര്‍ക്ക് മാറ്റിവാങ്ങാമെന്നും കയ്യിലുള്ള പണത്തിന്റെ മൂല്യമനുസരിച്ചുള്ള പുതിയ പണം ലഭിക്കുന്നതാണെന്നും അറിയിച്ചിരിക്കുന്നു. പഴയ കാശ് ക്രയവിക്രയം ചെയ്താല്‍ ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പും ഇതോടൊപ്പമുണ്ട്.

1889-ല്‍ ശ്രീമൂലം തിരുനാള്‍ രാജാവിന്റെ കാലത്ത്, പുതിയതായി ഇറക്കിയ വെള്ളിനാണയങ്ങള്‍ വിതരണം ചെയ്തുള്ള ഇത്തരവും കൃഷ്ണപുരം കൊട്ടാരത്തില്‍ കാണാം. അര രൂപയുടെയും കാല്‍ രൂപയുടെയും വെള്ളിനാണായങ്ങളാണ് അന്ന് പുറത്തിറക്കിയത്.