നാണയങ്ങളിലെ ചരിത്രസ്പന്ദനങ്ങൾ

ക്രിസ്ത്വബ്ദത്തിന് മുന്‍പുതന്നെ നാണയവ്യവസ്ഥയോട് പൊരുത്തപ്പെട്ടവരാണ് കേരളീയര്‍... നാണയങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് ‘രാശിപ്പണം’ ആണ്. ‘പരശുരാമൻ’ ആണ് ആണ് ഇത് കൊണ്ടുവന്നതെന്നാണ് വിശ്വാസം. എന്നാല്‍, ചരിത്രകാരന്‍മാര്‍ വിരല്‍ ചൂണ്ടുന്നതാകട്ടെ ‘ഭാനുവിക്രമന്‍’ എന്ന രാജാവിലേക്കാണ്. അവരുടെ അഭിപ്രായത്തില്‍ അഭിപ്രായത്തില്‍ കേരളത്തിലെ ആദ്യ രാജാവാണ് ഭാനുവിക്രമന്‍. 

സ്വര്‍ണനാണയമായ രാശിപ്പണം ഒന്നിന് പത്തോളം നെന്മണികളുടെ തൂക്കമുണ്ടായിരുന്നു. ‘ശംഖുമുദ്ര’ അടയാളപ്പെടുത്തിയ രാശിപ്പണത്തിലായിരുന്നു പൗരാണിക കേരളത്തില്‍ വിലകളും കാണാവകാശങ്ങളും കുറിച്ചിരുന്നത്. ‘മഞ്ചാടിക്കുരു’വിനേക്കാളും വലിപ്പമുണ്ടായിരുന്ന രാശിപ്പണത്തെപ്പറ്റി സംഘകാല കൃതികളിലും നാടോടിപ്പാട്ടുകളിലും പരാമര്‍ശങ്ങളുണ്ട്. 

‘പിടിപ്പണം’ എന്ന വാക്കിന്റെ ഉത്ഭവത്തിന് രാശിപ്പണവുമായി ബന്ധമുണ്ട്. ഒരുപിടി രാശിപ്പണം എന്നാണ് ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. പിന്നീട് ഇതിനെ മാതൃകയാക്കി കോലത്തിരി രാജാവ് ‘കലിഹരായന്‍’ എന്ന നാണയമിറക്കി. സാമൂതിരിയാകട്ടെ തന്റെ നാണയത്തിന് ‘വീരരായന്‍’ എന്നാണ് പേരിട്ടത്. 

തിരുവിതാംകൂറില്‍ വെള്ളികൊണ്ടുണ്ടാക്കിയ ‘ചക്രം’ ആണ് ലഭ്യമായതില്‍ ഏറ്റവും പഴയത്. അരച്ചക്രവും ഒരുചക്രവും ആയുള്ള തുട്ടുകള്‍ കൂടാതെ, സ്വര്‍ണച്ചക്രം, വെള്ളിച്ചക്രം, ചെമ്പുകാശ്, ഒറ്റക്കാശ്, ഇരട്ടക്കാശ്, നാലുകാശ്, എട്ടുകാശ് എന്നീ നാണയങ്ങളും തിരുവിതാംകൂറില്‍ നിലനിന്നിരുന്നു. 

ടിപ്പു സുല്‍ത്താന്റെ അധിനിവേശകാലത്ത് മലബാറിലും കൊച്ചിയിലും തന്റെ നാണയങ്ങള്‍ അല്ലാതെ മറ്റൊന്നും പാടില്ലെന്ന് അദ്ദേഹം ഉത്തരവിറക്കി. ഈ നാണയങ്ങള്‍ നിര്‍മിക്കാന്‍ കോഴിക്കോട് ഫറോക്കില്‍ ഒരു ‘കമ്മട്ടം’ ടിപ്പു സ്ഥാപിച്ചു. തന്റെ പിതാവ് ഹൈദരാലിയുടെ പേരിലുള്ള ‘സ്വര്‍ണവരാഹ’നും ‘പണ’വും വെള്ളിയില്‍ ഒറ്റ, ഇരട്ട ‘രൂപ’കളും ചെമ്പില്‍ ‘ആനക്കാശും’ ആണ്‌ ഇവിടെ നിര്‍മിച്ചത്. ടിപ്പുവിന്റെ വീഴ്ചയോടെ ഈ നാണയങ്ങള്‍ അപ്രത്യക്ഷമായിട്ടും ‘ആനക്കാശ്’ ഏറനാട്ടിലും വള്ളുവനാട്ടിലും കൊച്ചിയുടെ വടക്കന്‍ പ്രദേശങ്ങളിലും കുറെക്കാലം കൂടി ക്രയവിക്രയങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു.

കൊച്ചിയിലെ നാണയങ്ങളില്‍ ഏറ്റവും പഴക്കം കല്‍പ്പിച്ചിരിക്കുന്നത് ‘പുത്തന്‍’ എന്ന നാണയത്തിനാണ്. ഒറ്റപ്പുത്തനും ഇരട്ടപ്പുത്തനുമായി രണ്ടുതരങ്ങള്‍ ഇതിനുണ്ടായിരുന്നു. ഒരുപണം വെള്ളികൊണ്ടാണ് ഓരോ നാണയവും നിര്‍മിച്ചത്. കൊച്ചിയില്‍ സ്ഥിരം കമ്മട്ടങ്ങളില്ലായിരുന്നു. എങ്കിലും താത്‌കാലിക കമ്മട്ടങ്ങളേര്‍പ്പെടുത്തി ആവശ്യത്തിനുള്ളത് നിര്‍മിച്ചു. 

ഡച്ചുകാരുടെ കാലത്ത് കൊച്ചിക്കോട്ടയില്‍ സ്ഥാപിച്ചതാണ് കൊച്ചിരാജ്യത്തെ ആദ്യത്തെ സ്ഥിരം കമ്മട്ടം. ആവശ്യം ഏറിയപ്പോള്‍ ഈ കമ്മട്ടത്തിന് താങ്ങാന്‍ കഴിഞ്ഞില്ല. അതുകൊണ്ട്, പുറംനാടുകളില്‍ പുത്തനടിച്ച് കപ്പല്‍വഴി ഇവിടെ കൊണ്ടുവരികയായിരുന്നു. 1782 മുതല്‍ 90 വരെയുള്ള കാലത്താണിങ്ങനെ ചെയ്തത്. എന്നാല്‍, 1820-ല്‍ 9,62,673 ഇരട്ട പുത്തനുകള്‍ കൊച്ചിക്കോട്ടയില്‍നിന്ന്‌ ഇറക്കിയതിന് രേഖകളുണ്ട്. അഞ്ച് മുതല്‍ എട്ട് നെന്‍മണിയുടെ തൂക്കമാണ് ഒറ്റപ്പുത്തനെങ്കില്‍, ഇരട്ടപ്പുത്തന് ഉണ്ടായിരുന്നത് പതിനാറ് നെന്‍മണി തൂക്കമായിരുന്നു. പുത്തനില്‍ ഏറ്റവും പഴയത് ‘കലിയമാണി’യാണ്. ശംഖുമുദ്രയില്ലാത്തതിനാല്‍ ‘ശംഖില്ലാ പുത്തൻ’ എന്ന പേരും ഇതിനുണ്ടായിരുന്നു. 1856-ലും 1858-ലും ഇറക്കിയ ഒറ്റ, ഇരട്ട പുത്തനുകളില്‍ ‘പൂര്‍ണത്രയീശ’ന്റെ ചിത്രം പതിച്ചിരുന്നതായി ഡോ. ഡേയുടെ ‘സീലാന്‍ഡ്‌ ഓഫ് പെരുമാള്‍സ്’ എന്ന പുസ്തകത്തില്‍ പറയുന്നു. 

സ്വന്തം നാണയങ്ങള്‍ക്ക്് പുറമെ, ഡച്ചുകാരുടെ നാണയങ്ങളും കൊച്ചിയില്‍ ഉപയോഗിച്ചിരുന്നതായി ഈ പുസ്തകത്തിലുണ്ട്. അതില്‍ 1731 മുതല്‍ 1792 വരെ ഇറക്കിയ നാണയങ്ങളില്‍ വര്‍ഷങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു. ‘ലന്ത നാണയ’ങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ഇവ, ഡച്ചുകാരുടെ സ്വദേശമായ ഹോളണ്ടിലാണ് നിര്‍മിച്ചത്. ഒരുവശത്ത് ഡച്ച് ഈസ്റ്റ് കമ്പനിയുടെ പേരും മറുവശത്ത് സിംഹവും ആയിരുന്നു പതിച്ചത്. അവിടെ അഞ്ച് സംസ്ഥാനങ്ങളില്‍ ആണ് നാണയങ്ങള്‍ അടിച്ചത്. അതുകൊണ്ട്, ആകൃതിയാകട്ടെ അഞ്ച് വിധത്തിലുമായി. ഡച്ചുകാര്‍ കൊച്ചി വിടുംവരെ ഈ നാണയമാണ് അവര്‍ ഉപയോഗിച്ചിരുന്നത്. 

ഡച്ച് പാതിരിയായിരുന്ന കാന്റര്‍ഫിഷര്‍ ‘മലയാളനാട്ടില്‍ നിന്നുള്ള എഴുത്തുകള്‍’ എന്ന തന്റെ പുസ്തകത്തില്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന മറുനാടന്‍ നാണയങ്ങളെക്കുറിച്ച് വിസ്തരിക്കുന്നുണ്ട്. അതില്‍ ‘റിക്സ് ഡോളര്‍’, ‘ഡക്കാറ്റൂണ്‍’ എന്നീ ഡച്ച് നാണയങ്ങളും സ്പെയിനിലെ ഒരു നാണയവും ഇവിടെ ഉപയോഗിച്ചതായി സൂചിപ്പിക്കുന്നുണ്ട്. കച്ചവട സംബന്ധമായ വിനിമയ ആവശ്യത്തിനാകാം ഇവയുടെ കൊടുക്കല്‍ വാങ്ങലുകള്‍. ചതുരത്തിലും വട്ടത്തിലുമുള്ള വെള്ളിക്കഷ്‌ണങ്ങളില്‍ അച്ചുകുത്തിയ ‘പുരാണ’കളുടെ വിനിമയവും കൊച്ചിയില്‍ നടന്നിരുന്നു. 

ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള നാണയമായാണ് ‘പുരാണ’കളെ വിലയിരുത്തുന്നത്. കൊച്ചി തുറമുഖം വഴി ഉത്തരേന്ത്യയുമായി പണ്ട് നടത്തിയ കച്ചവടങ്ങളാണ് ഈ നാണയം ഇവിടെ വരാന്‍ കാരണം. ഇറ്റലിയിലെ വെനീസില്‍ പ്രാബല്യത്തിലുണ്ടായിരുന്ന ‘ഡ്യൂക്കാറ്റ്്’ വെള്ളിക്കാശ് കൊച്ചിയില്‍ ഉപയോഗിച്ചിരുന്നതായി കാന്റര്‍ഫിഷറിന്റെ ഗ്രന്ഥത്തിലുണ്ട്. സ്വര്‍ണത്തില്‍ തീര്‍ത്ത ഈ നാണയങ്ങള്‍, ഇന്നാട്ടില്‍ അറിയപ്പെട്ടത് ‘വില്‍ക്കാശ്‌’ എന്നും ‘ആമാഡ’ എന്നുമാണ്. കുരിശിന്റെ മുന്നില്‍ നില്‍ക്കുന്ന വെനീസിലെ പ്രഭുവിന്റെ ചിത്രം പതിച്ച ഈ നാണയങ്ങള്‍, തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്. ‘ശാണാര്‍ക്കാശ്‌’ എന്നാണ് തമിഴര്‍ ഇതിനെ വിളിച്ചിരുന്നത്. 

പോര്‍ച്ചുഗീസുകാര്‍ കൊച്ചിയിലുണ്ടായിരുന്നപ്പോള്‍ ‘രീഡി’ എന്ന അവരുടെ നാണയം ഉപയോഗിച്ചിരുന്നു. ‘ചൂണ്ടല്‍ക്കാശ്‌’ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. വെള്ളിക്കമ്പികള്‍ ചുറ്റിയായിരുന്നു രീഡിയുടെ നിര്‍മാണം. ‘ബാസ്രോക്കല്‍’ എന്ന നാണയം പോര്‍ച്ചുഗീസുകാര്‍ ഇവിടെ പ്രചരിപ്പിച്ചതായി ‘സീ ലാന്‍ഡ് ഓഫ് പെരുമാളി’ല്‍ പറയുന്നുണ്ട്. ഈയവും നാകവും ചേര്‍ത്ത്‌ ഉരുക്കി ഉണ്ടാക്കിയ ലോഹക്കൂട്ടിലായിയിരുന്നു ഈ നാണയത്തുട്ടുകളുടെ നിര്‍മാണം.

‘പഗോഡ’ എന്ന സ്വര്‍ണനാണയങ്ങളാണ് പ്രാചീന കേരളത്തിലുണ്ടായിരുന്ന മറ്റൊരു അന്യദേശ നാണയം. ഇവിടെ അത്‌ അറിയപ്പെട്ടത് ‘വിഗ്രഹക്കാശ്‌’ എന്നാണ്. കാലത്ത് ഇത് ഉപയോഗിച്ചതായി കാന്റര്‍ഫിഷര്‍ തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിഗ്രഹക്കാശിന് രണ്ട് ‘ലന്ത ഡോളര്‍’ (ഡച്ച്‌ ഡോളര്‍) എന്നതായിരുന്നു ഇവിടത്തെ വിനിമയനിരക്ക്. 

അക്കാലത്ത് ഡച്ചുനാണയങ്ങള്‍ കൊച്ചി രാജ്യത്തെങ്ങും പ്രചരിച്ചിരുന്നു. ‘ലന്തത്തുട്ടു’കള്‍ എന്നാണ് പൊതുവെ ഇവയെല്ലാം അറിയപ്പെട്ടത്. ഒരു സമയം അറബികളടക്കമുള്ളവരുടെ കൊച്ചിയുമായുള്ള വ്യാപാര ഇടപാടുകള്‍ ലന്തത്തുട്ടുകളിലായിരുന്നുവെന്നാണ് കാന്റര്‍ഫിഷറിന്റെ പുസ്തകത്തിലെ രേഖപ്പെടുത്തല്‍. 

പുരാതന റോമിലെയും ഗ്രീസിലെയും നാണയങ്ങള്‍ കേരളത്തില്‍ പലയിടങ്ങളില്‍ നിന്നായി കുഴിച്ചെടുത്തിട്ടുണ്ട്. മുന്‍പുതന്നെ അന്നാടുകളുമായി നിലനിന്നിരുന്ന കച്ചവടബന്ധമാണ് യൂറോപ്യന്‍ നാണയങ്ങള്‍ ഇവിടെ വരാന്‍ കാരണം. 

അതേസമയം, പുരാതന കേരളത്തില്‍ നിലനിന്നിരുന്ന നാണയങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. ചേരവംശത്തില്‍പ്പെട്ട ‘വീരകേരള’ രാജാവിന്റെ നാണയങ്ങളാണ് 1945-ല്‍ തിരുനല്‍വേലിയില്‍ ഖനനം ചെയ്തെടുത്തത്. ഇവയുടെ ഒരു വശത്ത് ‘ശ്രീ വീര കേരളസ്യ’ എന്ന്‌ എഴുതിയിട്ടുണ്ട്. സ്വര്‍ണവും ചെമ്പും കൊണ്ടായിരുന്നു നാണയനിര്‍മാണം. ‘തൃക്കാക്കര’ ആസ്ഥാനമായുള്ള ഒന്നാം ചേരസാമ്രാജ്യത്തിലെ രാജാവായിരുന്നു വീരകേരളൻ എന്ന് കരുതുന്നു. 

വിദേശ സ്വര്‍ണനാണയങ്ങള്‍ ഇവിടെ വരാന്‍ കാരണം കുരുമുളക് കച്ചവടമാണ്. ഈ സ്വര്‍ണ നാണയങ്ങള്‍ ഇന്നാട്ടില്‍ ആഭരണ നിര്‍മാണത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നാണ് ചരിത്രകാരനായ കെ.പി പദ്‌മനാഭ മേനോന്റെ അഭിപ്രായം.


സാജു ചേലങ്ങാട്